ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; ആനപ്രേമികളുടെ പ്രിയ ഗജവീരന് വിട
(916)
1 Gram
(916)
8 Gram
1 Gram
ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഈരാറ്റുപേട്ട മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മരിച്ചത്. വീട്ടുമുറ്റത്ത് തളച്ചിട്ടിരുന്ന ആനയ്ക്കാണ് ഇടിമിന്നലേറ്റത്.
ഏകദേശം 45 വയസ് പ്രായമുണ്ടായിരുന്ന ബ്രഹ്മദത്തൻ, അരുണാചലിൽനിന്നാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ആനയായിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ പോത്തൻ വർഗീസ് അച്ചായനാണ് അരുണാചലിൽനിന്ന് ബ്രഹ്മദത്തനെ കേരളത്തിലെത്തിച്ചത്. ആദ്യകാലത്ത് ‘പുതുപ്പള്ളി ബ്രഹ്മദത്തൻ’ എന്ന പേരിലാണ് ആന അറിയപ്പെട്ടിരുന്നത്. പിന്നീട് പല്ലാട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലായി.
സുന്ദരമായ ശരീരഘടനയും ശാന്തമായ സ്വഭാവവും കൊണ്ട് ആനപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട ഗജവീരനായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. കേരളത്തിലെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമായിരുന്നു.
ഏറ്റുമാനൂർ, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ ബ്രഹ്മദത്തൻ പ്രധാന തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ പൂരത്തിലും സ്ഥിരം സാന്നിധ്യമായിരുന്നു.
ബ്രഹ്മദത്തനുമായുള്ള പല്ലാട്ട് കുടുംബത്തിന്റെ ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ആനപ്പാപ്പൻ ദാമോദരൻ നായരുമായി ബ്രഹ്മദത്തന് ഉണ്ടായിരുന്ന ആത്മബന്ധവും നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ദാമോദരൻ നായർ കാൽനൂറ്റാണ്ടോളം ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു. 2021-ൽ ദാമോദരൻ നായരുടെ മരണശേഷം അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ബ്രഹ്മദത്തനെ വീട്ടിലെത്തിച്ച സംഭവവും ഏറെ ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രിയ ഗജവീരന്റെ അപ്രതീക്ഷിത വിയോഗം ആനപ്രേമികൾക്കിടയിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Latest News
