പാലായിലെ കോവിഡ് ചരിത്രം; ആറു വർഷം പിന്നിടുമ്പോൾ ഓർമ്മകളുണർത്തി ളാലം ക്ഷേത്ര കവാടത്തിലെ കോവിഡ് സ്മാരകം
(916)
1 Gram
(916)
8 Gram
1 Gram
പാലാ: ലോകത്തെ നടുക്കിയ കോവിഡ്-19 മഹാമാരിയുടെ ഓർമ്മകൾക്ക് ആറു വർഷം പിന്നിടുമ്പോൾ, ആ ദുരിതകാലത്തെ ചരിത്രമായി രേഖപ്പെടുത്തി പാലാ ളാലം അമ്പലപ്പുറത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കോവിഡ് സ്മാരകം വീണ്ടും ശ്രദ്ധ നേടുകയാണ്.
ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ സ്മരണയ്ക്കും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പോരാടിയ ആരോഗ്യപ്രവർത്തകർ, പൊലീസ്, അഗ്നിരക്ഷാസേന, ശുചീകരണ തൊഴിലാളികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ ആദരിക്കാനുമാണ് ഈ സ്മാരകം സ്ഥാപിച്ചത്. രാജ്യസഭാ എംപിയായിരുന്ന ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള ₹6,72,038 രൂപ വിനിയോഗിച്ചാണ് സ്മാരകം നിർമ്മിച്ചത്. 2020 ഡിസംബർ 21-ന് ശ്രീ. ജോസ് കെ. മാണി എം.പി. സ്മാരകം നാടിന് സമർപ്പിച്ചു.
സ്മാരകത്തിൽ കോവിഡ് മഹാമാരിയുടെ പ്രധാന സംഭവവികാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത രോഗം പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. 2020 ജനുവരി 30-ന് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുകയും, മാർച്ച് 24 മുതൽ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലും പാലായിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും, ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി.


സ്മാരകത്തിലെ കണക്കുകൾ പ്രകാരം 2020 ഡിസംബർ 15 വരെ ലോകത്ത് 7,33,43,795 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 16,31,120 പേർ മരണമടയുകയും ചെയ്തിരുന്നു. ഇന്ത്യയിൽ 99,12,054 പേർക്കും കേരളത്തിൽ 6,72,038 പേർക്കും രോഗബാധ സ്ഥിരീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ ഭീകരതയും മനുഷ്യരാശി ഒരുമിച്ച് അതിജീവിച്ച പ്രതിസന്ധിയും വരും തലമുറകൾ മറക്കാതിരിക്കാനുള്ള ചരിത്രസാക്ഷ്യമായാണ് ലാലം ക്ഷേത്ര കവാടത്തിലെ ഈ കോവിഡ് സ്മാരകം ഇന്ന് നിലകൊള്ളുന്നത്. ആറു വർഷങ്ങൾ പിന്നിടുമ്പോൾ, ദുരന്തകാലത്ത് സമൂഹം പ്രകടിപ്പിച്ച ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായും ഈ സ്മാരകം മാറിയിരിക്കുകയാണ്.
Latest News









