ഇഎസ്എ വിജ്ഞാപനം തിരുത്തണം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി
(916)
1 Gram
(916)
8 Gram
1 Gram
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച വിജ്ഞാപനം തിരുത്തണമെന്നും, കേരളത്തിലെ ഇഎസ്എ വനഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്ന ഇഎസ്എ സംബന്ധിച്ച തിരുത്തലുകൾ സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർ 25ന് അവസാനിക്കാനിരിക്കെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം ആശാവഹമല്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ 9107 ചതുരശ്ര കിലോമീറ്റർ 123 വില്ലേജുകളിലായി ഉൾപ്പെടുന്നതായി തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നിർദേശങ്ങൾ തയ്യാറാക്കിയതെന്നും കമ്മിറ്റി ആരോപിച്ചു. ഇപ്പോഴത്തെ 98 വില്ലേജുകളിലായി ഉൾപ്പെടുന്ന വനവും മറ്റ് സംരക്ഷിത പ്രദേശങ്ങളും ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിന് പകരം, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ മനുഷ്യവാസമില്ലാത്ത വനപ്രദേശങ്ങൾ മാത്രമേ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാവൂ എന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ ആവശ്യത്തിന് വനഭൂമിയുണ്ടെന്നും അതിനനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണവും കൂടുതലാണെന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. വന്യമൃഗങ്ങളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഇടപെടലുകൾ മൂലം കർഷകർക്ക് കൃഷി ചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വനത്തിന് പുറത്തുള്ള പ്രദേശങ്ങൾ സംരക്ഷിത മേഖലയെന്ന പേരിൽ ഇഎസ്എയിൽ ഉൾപ്പെടുത്തിയാൽ വനവിസ്തൃതിയും വന്യമൃഗങ്ങളുടെ എണ്ണവും വർധിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും ഇത് കേരളത്തിലെ മനുഷ്യ ആവാസവ്യവസ്ഥയെയും കാർഷിക സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.
98 വില്ലേജുകളിലായി 7590 ചതുരശ്ര കിലോമീറ്റർ വരുന്ന വനപ്രദേശം മാത്രം ഇഎസ്എയായി നിജപ്പെടുത്തുന്ന അന്തിമ വിജ്ഞാപനമാണ് ഉണ്ടാകേണ്ടതെന്നും ഇതിനാവശ്യമായ നടപടികൾ സംസ്ഥാന വനം വകുപ്പും പരിസ്ഥിതി വകുപ്പും അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുന്നതിനായി കേന്ദ്ര സർക്കാരുമായി അടിയന്തരമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയിൽ തീക്കോയി, കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര വില്ലേജുകൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത് ഈ പ്രദേശങ്ങളിലെ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Latest News
