ഐഐഐടി കോട്ടയം എട്ടാം ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന്; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥി
(916)
1 Gram
(916)
8 Gram
1 Gram
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയത്തിന്റെ എട്ടാമത് ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന് (ശനി) വലവൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ നടക്കും. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം ബിരുദദാന പ്രസംഗം നടത്തും. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മനെ അധ്യക്ഷത വഹിക്കും.
386 ബി.ടെക് വിദ്യാർഥികൾക്കാണ് ഇത്തവണ ബിരുദം നൽകുന്നത്. ഇതിൽ 41 പേർ ബി.ടെക് ഓണേഴ്സ് ബിരുദം നേടും. 84 എം.ടെക് വിദ്യാർഥികളും 8 പിഎച്ച്ഡി ഗവേഷകരും ബിരുദം ഏറ്റുവാങ്ങും. മികച്ച അക്കാദമിക് പ്രകടനം കാഴ്ചവച്ച 55 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും ചടങ്ങിൽ സമ്മാനിക്കും.
സാങ്കേതികവിദ്യാ രംഗത്തെ ഗവേഷണ–നൂതനാശയ പ്രവർത്തനങ്ങളിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ ബിരുദദാനച്ചടങ്ങ്. സാങ്കേതികവിദ്യ അധിഷ്ഠിത ആയുർവേദ രംഗത്തെ ഐഐഐടി കോട്ടയത്തിന്റെ നൂതന പദ്ധതി ലോകാരോഗ്യ സംഘടനയുടെ (WHO) Health & Heritage Innovations (H2I) Open Call ആഗോള വിജയികളിൽ ഇടം നേടിയിരുന്നു.
ന്യൂഡൽഹി എയിംസുമായി സഹകരിച്ച് ഐസിഎംആർ സ്പോൺസർ ചെയ്യുന്ന മൾട്ടിസെൻട്രിക് പദ്ധതിയുടെ ഭാഗമായി കണ്ണിന്റെ ഉപരിതലത്തിലും കൺപോളകളിലും ഉണ്ടാകുന്ന ട്യൂമറുകൾ നേരത്തേ കണ്ടെത്തുന്നതിനുള്ള സ്മാർട്ട്ഫോൺ ഇമേജിങ് അധിഷ്ഠിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാതൃകയും ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചുവരുന്നു. ബഹിരാകാശ ദൗത്യങ്ങളിലെ ബഹിരാകാശയാത്രികരുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ ട്വിൻ പദ്ധതിയും ഐഎസ്ആർഒയുടെ പിന്തുണയോടെ നടപ്പാക്കുന്നുണ്ട്.
കേരള പൊലീസ് സൈബർ ഡിവിഷനുമായി ചേർന്ന് സ്ഥാപിച്ച സൈബർ റെസിലിയൻസ് സെന്റർ, ഡ്രോൺ പ്രതിരോധ–നിർവീര്യമാക്കൽ സംവിധാനവുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയിലൂടെ ദേശീയ ഡിജിറ്റൽ സുരക്ഷയുടെയും തന്ത്രപ്രധാന സാങ്കേതികവിദ്യകളുടെയും മേഖലകളിലും ഐഐഐടി കോട്ടയം സാന്നിധ്യമറിയിക്കുന്നു. പി.എം–വികാസ് പദ്ധതിയുടെ ഭാഗമായി ധാരണാപത്രം ഒപ്പുവച്ചതിനു പുറമെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, ഗൂഗിൾ ക്ലൗഡ് ജനറേറ്റീവ് എഐ എക്സ്ചേഞ്ച് ഹാക്കത്തോൺ തുടങ്ങിയ ദേശീയ–അന്തർദേശീയ വേദികളിലും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നേട്ടങ്ങൾ കൈവരിച്ചു.
2015ൽ സ്ഥാപിതമായ ഐഐഐടി കോട്ടയം 2017ലെ പാർലമെന്റ് നിയമപ്രകാരം ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ നടത്തിവരുന്നു. “Generating Knowledge for the Future” എന്നതാണ് സ്ഥാപനത്തിന്റെ ദർശനം.
“സ്ഥിരതയാർന്ന പ്ലേസ്മെന്റ് റെക്കോർഡ് സ്ഥാപനത്തിന്റെ അക്കാദമിക മികവിനും വിദ്യാർഥികളുടെ വിഷയജ്ഞാനത്തിലും വ്യവസായ മേഖലയിൽ ആവശ്യമായ പൊരുത്തപ്പെടൽ ശേഷിയിലും വ്യവസായലോകം അർപ്പിക്കുന്ന വിശ്വാസത്തിനും തെളിവാണ്.” എന്ന് ബിരുദദാനച്ചടങ്ങിനു മുന്നോടിയായി രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ പറഞ്ഞു.
Latest News
