യുവജനങ്ങൾക്ക് സാമൂഹിക ഉത്തരവാദിത്വം വേണം; ‘യൂത്ത് സോഷ്യൽ റെസ്പോൺസിബിലിറ്റി’ കാലഘട്ടത്തിന്റെ ആവശ്യം: ഗവർണർ
(916)
1 Gram
(916)
8 Gram
1 Gram
കോട്ടയം: കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ മാതൃകയിൽ യുവജനങ്ങൾക്കും സാമൂഹിക ഉത്തരവാദിത്വം വേണമെന്നും ‘യൂത്ത് സോഷ്യൽ റെസ്പോൺസിബിലിറ്റി’ (YSR) എന്ന ആശയം യുവതലമുറ ഏറ്റെടുക്കണമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ഐഐഐടി കോട്ടയത്തിന്റെ എട്ടാം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹം എന്നിവയുടെ പിന്തുണയിലൂടെയാണ് ഓരോ വ്യക്തിയും വളരുന്നത്. അതിലൂടെ നേടിയ അറിവും കഴിവുകളും സ്വന്തം നേട്ടങ്ങൾക്കു മാത്രമായി ഉപയോഗിക്കാതെ സമൂഹത്തിനും രാജ്യത്തിനും തിരികെ നൽകേണ്ട ഉത്തരവാദിത്വം ഓരോ യുവാവിനുമുണ്ട്. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിരുദവും ഉന്നത വിദ്യാഭ്യാസ യോഗ്യതകളും നേടുന്നതോടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. അറിവിനൊപ്പം വിവേകവും സ്വഭാവഗുണങ്ങളും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ അടിമകളാകാതെ അത് മനുഷ്യപുരോഗതിക്കായി ഉപയോഗിക്കുന്നവരാകണമെന്നും ഗവർണർ പറഞ്ഞു.
2015ൽ 30 വിദ്യാർഥികളുമായി ആരംഭിച്ച ഐഐഐടി കോട്ടയം ഇന്ന് 558 വിദ്യാർഥികളുടെ പ്രവേശന ശേഷിയിലേക്കും 74 അധ്യാപകരിലേക്കും വളർന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ ഗവേഷണ നേട്ടങ്ങളും ഗവർണർ എടുത്തുപറഞ്ഞു. 695ലേറെ ഗവേഷണ പ്രബന്ധങ്ങളും 17 പേറ്റന്റുകളും 4,525ലേറെ സ്കോപ്പസ് സൈറ്റേഷനുകളും നേടിയതായി അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങിയ ബാച്ചിലെ 299 വിദ്യാർഥികളിൽ 250 പേർക്ക് (83.61%) പ്ലേസ്മെന്റ് ലഭിച്ചു. ഉയർന്ന വാർഷിക ശമ്പള പാക്കേജ് 60 ലക്ഷം രൂപയും ശരാശരി 14.31 ലക്ഷം രൂപയുമാണ്.
“യുവജനങ്ങളിലാണ് എനിക്ക് പൂർണ വിശ്വാസം. വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർഥ്യമാക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ നേടിയ അറിവും കഴിവുകളും രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണം,” ഗവർണർ പറഞ്ഞു.
Latest News
