വ്യാജ പോക്സോ കേസെന്ന് ആരോപണം; അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ
(916)
1 Gram
(916)
8 Gram
1 Gram
പാലാ: തനിക്കെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പോക്സോ കേസ് വ്യാജമാണെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനം നടത്തി.
താൻ താമസിക്കുന്ന പ്രദേശത്ത് പൊതുവായി ഉപയോഗിക്കുന്ന റോഡിലെ ഓവുചാൽ ഒരു സ്വകാര്യ വ്യക്തി അടച്ചതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും, അതുമൂലം തന്റെ വാഹനത്തിന് തടസ്സം നേരിടുകയും ചെയ്തതായി സജി പറഞ്ഞു. ഇതിനെ തുടർന്ന് വെള്ളം ഒഴുകുന്നതിനായി ഓവുചാൽ തുറന്നതാണെന്നും, എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലാ പോലീസ് തനിക്കെതിരെയും പ്രദേശവാസിയായ മറ്റൊരാൾക്കെതിരെയും പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
ഓവുചാൽ തുറന്ന സംഭവസമയത്ത് പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് കണ്ടിരുന്നുവെന്നും, എന്നിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസ് രജിസ്റ്റർ ചെയ്തതിന്റെ സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയമോ സാമ്പത്തികമോ ആയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് താൻ സംശയിക്കുന്നതെന്നും, ആഭ്യന്തര വകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സജി ആവശ്യപ്പെട്ടു.
കേരളത്തിൽ നിരവധി പേർ വ്യാജ പോക്സോ കേസുകളിൽ കുടുങ്ങുന്ന സാഹചര്യമുണ്ടെന്ന് ആരോപിച്ച അദ്ദേഹം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെങ്കിലും, വ്യാജപരാതി തെളിയുന്ന സാഹചര്യങ്ങളിൽ പരാതിക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, സജി മഞ്ഞക്കടമ്പിലിന്റെ ആരോപണങ്ങളാണ് വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പാലാ പോലീസിന്റെയോ പരാതിക്കാരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല. പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് അത് കൂടി പ്രസിദ്ധീകരിക്കുന്നതാണ്.
Latest News
