പാലായിൽ കൗതുകക്കാഴ്ച, മലയോരത്ത് കണ്ണീരും ദുരിതവും
(916)
1 Gram
(916)
8 Gram
1 Gram
പാലാ: 2026ലെ ആദ്യ വലിയ മഴ കേരളത്തെ വീണ്ടും പ്രളയസമാന സാഹചര്യത്തിലേക്ക് തള്ളിവിട്ടപ്പോൾ, പാലായും കോട്ടയം ജില്ലയിലെ മലയോര മേഖലയും രണ്ട് വ്യത്യസ്ത മുഖങ്ങളാണ് കണ്ടത്. ഒരു ഭാഗത്ത് വെള്ളം കയറിയ ടൗൺ കാഴ്ചകൾ കാണാൻ ജനങ്ങൾ ഇറങ്ങിയപ്പോൾ, മറുവശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജീവനുകളും വീടുകളും കൃഷിയിടങ്ങളും കവർന്നെടുത്തു.

ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്നതോടെ പാലാ ടൗണിലെ മെയിൻ റോഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം, കൊട്ടാരമറ്റം, മൂന്നാനി, മുത്തോലി തുടങ്ങി നിരവധി ഭാഗങ്ങളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയതോടെ കടയുടമകൾക്ക് നഷ്ടമുണ്ടായി. റോഡുകളിൽ നിറഞ്ഞ വെള്ളം കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി പേർ പുറത്തിറങ്ങിയതും ശ്രദ്ധേയമായി.
എന്നാൽ പാലായിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള മലയോര മേഖലയിൽ സ്ഥിതി അതീവ ദാരുണമായിരുന്നു. തീക്കോയി, പൂഞ്ഞാർ, പയ്യാനിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും വലിയ നാശമാണ് വിതച്ചത്. വീടുകൾ തകർന്നു, റോഡുകൾ ഒലിച്ചുപോയി, വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ അമ്മയും മകനും മരണമടഞ്ഞത് ജില്ലയെ നടുക്കി.

തലനാട്, തീക്കോയി–വാഗമൺ മേഖലകളിൽ റോഡുകൾ തകർന്നതും പാറകൾ വീണ് ഗതാഗതം തടസ്സപ്പെട്ടതും ദുരിതം വർധിപ്പിച്ചു. ഒട്ടേറെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നപ്പോൾ രക്ഷാപ്രവർത്തനവും റോഡ് പുനഃസ്ഥാപന ജോലികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.
2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ വീണ്ടും ഉയർത്തുന്ന തരത്തിലാണ് ഇത്തവണയും മഴയുടെ തീവ്രത അനുഭവപ്പെട്ടത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചു.
Latest News









