ക്യാമറയ്ക്ക് മുന്നിലല്ല… ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവരുടെ സുരക്ഷയും വാർത്തയാണ്
(916)
1 Gram
(916)
8 Gram
1 Gram
ഇന്ന് മണ്ണിടിച്ചിലിനിടെ ഒരു ന്യൂസ് ക്യാമറാമാന്റെ ദേഹത്തേക്ക് മണ്ണ് പതിച്ച ദൃശ്യങ്ങൾ കേരളം കണ്ടു. ക്യാമറയും ലൈവ് യൂണിറ്റ് ബാഗും മുഴുവൻ ചെളിയിൽ മുങ്ങി. പക്ഷേ, ഒരു കാര്യം ഓർക്കണം… ഒരു ക്യാമറ തകരുന്നത് വാർത്തയല്ല. ആ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ അതാണ് ഏറ്റവും വലിയ വാർത്ത.
ഞാൻ ഏകദേശം 15 വർഷത്തോളം വിവിധ മാധ്യമങ്ങളിൽ ന്യൂസ് ക്യാമറാമാനായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കുത്തിയൊലിക്കുന്ന പുഴകൾ, മലവെള്ളപ്പാച്ചിൽ… ഇങ്ങനെ എത്രയോ ദുരന്തങ്ങൾ നേരിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യുന്നതിനിടെ പല തവണ ക്യാമറ തകർക്കപ്പെട്ട അനുഭവവും മർദനം ഏറ്റ അനുഭവവും ഉണ്ടായിട്ടുണ്ട്.
ക്യാമറ കൈയിൽ പിടിച്ച് ദുരന്തമേഖലയിലേക്ക് ഓടുമ്പോൾ ആദ്യം മനസ്സിൽ വരേണ്ടത് “എങ്ങനെ ഏറ്റവും നല്ല ദൃശ്യം കിട്ടും?” എന്ന ചിന്ത മാത്രമല്ല. “എങ്ങനെ സുരക്ഷിതമായി തിരിച്ചുവരും?” എന്ന ചിന്തയും കൂടിയാണ്.
ഞാൻ ജോലി തുടങ്ങിയ കാലത്ത് 2009 ഇൽ ഡിവി കാസറ്റിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ഞങ്ങൾ നേരിട്ടോ ബസ്സിൽ കൊടുത്തോ അടുത്തുള്ള ഇന്റർനെറ്റ് കഫേയിൽ എത്തിച്ച് FTP വഴിയോ ന്യൂസ് ഡെസ്കിലേക്ക് അയക്കുമായിരുന്നു. പിന്നീട് എന്റെ വീട്ടിൽ തന്നെ FTP സംവിധാനം ഒരുക്കി. കാലം മാറി. ഡിവി ക്യാമറകൾക്ക് പകരം മെമ്മറി കാർഡ് ക്യാമറ വന്നു. പിന്നീട് ലൈവ്-യു ഉൾപ്പെടെയുള്ള അതിവേഗ ലൈവ് ട്രാൻസ്മിഷൻ സംവിധാനങ്ങളും എത്തി.
ഇന്ന് നമ്മൾ സംഭവസ്ഥലത്ത് നിന്ന് സുരക്ഷിതമായി തിരിച്ചെത്തിയില്ലെങ്കിലും ദൃശ്യങ്ങൾ ലൈവ് വഴി ന്യൂസ് ഡെസ്കിൽ എത്തിക്കാനുള്ള സാങ്കേതികവിദ്യ മാധ്യമങ്ങൾക്കുണ്ട്. പഴയ ക്യാമറകളെ അപേക്ഷിച്ച് ഫുൾ HDയും 4K ക്യാമറകളുമാണ് ഇന്ന് ഉപയോഗിക്കുന്നത്. എന്നിട്ടും പലരും ഒരു തെറ്റിദ്ധാരണയിൽ അകപ്പെടുന്നുണ്ട്. സംഭവം നടക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്ത് നിന്നാൽ മാത്രമേ മികച്ച ദൃശ്യം ലഭിക്കൂ എന്നാണ് ധാരണ.
പക്ഷേ ക്യാമറയുടെ ഏറ്റവും വലിയ ശക്തി നമ്മുടെ കാലുകളല്ല… ലെൻസാണ്. സൂം റിംഗ് ശരിയായി ഉപയോഗിക്കാൻ അറിയുന്ന ഒരു ക്യാമറാമാന് അപകടത്തിന്റെ വായിലേക്ക് ഇറങ്ങേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകില്ല. മണ്ണിടിച്ചിലായാലും, ലാത്തിച്ചാർജായാലും, ജലപീരങ്കിയായാലും, തീപിടിത്തമായാലും സുരക്ഷിതമായ അകലത്തിൽ നിന്ന് തന്നെ സംഭവത്തിന്റെ യഥാർത്ഥ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയും.
വാർത്ത കാണുന്ന പ്രേക്ഷകന്റെ കണ്ണാണ് ക്യാമറ. ആ കണ്ണ് സംഭവത്തെ കാണിക്കണം; സംഭവത്തിന്റെ ഇരയാകരുത്. ഒരു നല്ല ന്യൂസ് ക്യാമറാമാന്റെ വിജയം അപകടത്തിലേക്ക് ഓടുന്നതിലല്ല, അപകടം മനസ്സിലാക്കി സുരക്ഷിതമായി അത് പകർത്തുന്നതിലാണ്.
ഈ അവസരത്തിൽ ഓർമ്മ വരുന്നത് മലയാള മാധ്യമപ്രവർത്തനത്തിന്റെ ധീരനായ ഫോട്ടോജേർണലിസ്റ്റ് വിക്ടർ ജോർജിനെയാണ്. 2001 ജൂലൈ 9-ന് ഇടുക്കിയിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് രണ്ടാമതുണ്ടായ ഉരുൾപൊട്ടലിൽ അദ്ദേഹം ജീവൻ നഷ്ടപ്പെടുത്തിയത്. ധൈര്യത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ ജീവിതം, പ്രകൃതിദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ നേരിടുന്ന അപകടസാധ്യതയെ എന്നും ഓർമ്മിപ്പിക്കുന്ന ഒരു പാഠമാണ്.
ഓരോ മഴക്കാലവും കേരളത്തിന് ദുരന്തങ്ങളുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും സംസ്ഥാനത്തെ വീണ്ടും ജാഗ്രതയിലാക്കിയിരിക്കുകയാണ്. രക്ഷാപ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരും അതീവ അപകടസാധ്യതയുള്ള സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.
ഇത് ആരെയെങ്കിലും കുറ്റപ്പെടുത്താനുള്ള കുറിപ്പല്ല. ഒരു ക്യാമറാമാനെ വിമർശിക്കാനുമല്ല. കാരണം ആ തൊഴിൽ എന്താണെന്ന് എനിക്കറിയാം. ഒരു മികച്ച ഫ്രെയിം കിട്ടാനുള്ള ആഗ്രഹവും എനിക്കറിയാം. പക്ഷേ വർഷങ്ങളുടെ അനുഭവം എന്നെ പഠിപ്പിച്ച ഒരു സത്യമുണ്ട്.
ഏറ്റവും മികച്ച ഷോട്ട് എന്നത്, അത് പകർത്തിയ ക്യാമറാമാൻ സുരക്ഷിതമായി വീട്ടിലെത്തിയ ശേഷം ലോകം കാണുന്ന ഷോട്ടാണ്.
വാർത്ത നാളെ വീണ്ടും ഉണ്ടാകും. ക്യാമറയും വീണ്ടും വാങ്ങാം. പക്ഷേ ഒരു ക്യാമറാമാന്റെ ജീവന് പകരം മറ്റൊന്നുമില്ല.
ക്യാമറയ്ക്ക് മുന്നിൽ വാർത്തയുണ്ട്… പക്ഷേ ക്യാമറയ്ക്ക് പിന്നിൽ ഒരു ജീവനുണ്ട്. ആ ജീവന്റെ സുരക്ഷയും വാർത്തയാണ്.
– പ്രിൻസ് ബാബു (മുൻ ന്യൂസ് ക്യാമറാമാൻ , മാധ്യമ പ്രവർത്തകൻ)
Latest News
