ഇറ്റലിയിൽ നിന്ന് പാലായിലേക്ക്… അൽഫോൻസാ കോളേജിൽ വേറിട്ട കലാവിരുന്ന്
(916)
1 Gram
(916)
8 Gram
1 Gram
പാലാ: കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പെരുമയും നേരിൽ അനുഭവിച്ചറിഞ്ഞ് ഇറ്റലിയിൽ നിന്നെത്തിയ സഞ്ചാരികൾ. പാലാ അൽഫോൻസാ കോളേജിൽ ഒരുക്കിയ പ്രത്യേക കലാവിരുന്നാണ് ഇറ്റാലിയൻ സംഘത്തിന് കേരളീയ സംസ്കാരത്തിന്റെ മനോഹരമായൊരു അനുഭവമായി മാറിയത്.

വിദേശ വിനോദസഞ്ചാരികൾക്കായി കോളേജ് സംഘടിപ്പിച്ച ‘ടൂറിസ്റ്റ് എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ’ ഭാഗമായാണ് 33 അംഗ ഇറ്റാലിയൻ സംഘം അൽഫോൻസാ കോളേജിലെത്തിയത്. ഫാദർ മൈക്കിൾ വട്ടപ്പലത്തിന്റെ നേതൃത്വത്തിലായിരുന്നു സംഘം കോളേജ് സന്ദർശിച്ചത്.
കേരളത്തിന്റെ കലയും സംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കിയ വേദിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് നാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ. തിരുവാതിര, മാർഗംകളി, മോഹിനിയാട്ടം തുടങ്ങിയ കലാപ്രകടനങ്ങൾ ഇറ്റാലിയൻ അതിഥികൾക്ക് വേറിട്ട അനുഭവമായി.
കേരളത്തിന്റെ തനത് കലാരൂപങ്ങൾ ആസ്വദിച്ച സഞ്ചാരികൾ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് പിന്തുണ നൽകിയത്. എന്നാൽ കലാവിരുന്നിന്റെ അവസാനം നടന്നത് മറ്റൊരു മനോഹരമായ സാംസ്കാരിക കൈമാറ്റം.
വിദ്യാർത്ഥികൾക്കായി ഒരു ഇറ്റാലിയൻ ഗാനം സമർപ്പിച്ചുകൊണ്ടാണ് സഞ്ചാരികൾ തങ്ങളുടെ സന്തോഷം പങ്കുവച്ചത്. കേരളത്തിന്റെ മണ്ണിൽ ഇറ്റാലിയൻ സംഗീതം മുഴങ്ങിയ ആ നിമിഷം പരിപാടിയുടെ ശ്രദ്ധേയമായ മുഹൂർത്തമായി.
ഭാഷയും ദേശവും സംസ്കാരവും വ്യത്യസ്തമായിരുന്നിട്ടും സംഗീതത്തിന്റെയും കലയുടെയും ഭാഷയിൽ ഒന്നിച്ച അനുഭവമായിരുന്നു അൽഫോൻസാ കോളേജിലെ ഈ കൂടിക്കാഴ്ച. കേരളത്തിന്റെ തനത് സംസ്കാരവും ഓണത്തിന്റെ പശ്ചാത്തലവും വരുംതലമുറയിലേക്കും വിദേശരാജ്യങ്ങളിലേക്കും പരിചയപ്പെടുത്തുന്നതിനും വിദേശ സഞ്ചാരികൾക്ക് കേരളത്തെ കൂടുതൽ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു പറഞ്ഞു.
കേരളത്തിന്റെ സംസ്കാരത്തെ കാണാനെത്തിയ ഇറ്റാലിയൻ സഞ്ചാരികൾ… ഒടുവിൽ കേരളത്തിന്റെ കലയുടെ താളത്തിനൊപ്പം ചുവടുവെച്ച് മടങ്ങി. പാലാ അൽഫോൻസാ കോളേജിലെ ഈ സാംസ്കാരിക സംഗമം, അതിരുകൾക്കപ്പുറത്തേക്കുള്ള ഓണത്തിന്റെ ഒരു മനോഹരമായ സന്ദേശം കൂടിയായി.
Latest News
