പാലായിലെ സൈറൺ നിർത്തരുത്; ഹൈക്കോടതി ഉത്തരവിന്റെ നിയമപരിധിയും ശബ്ദമാനദണ്ഡങ്ങളും പരിശോധിക്കണം
(916)
1 Gram
(916)
8 Gram
1 Gram
പാലാ: പാലാ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൈറൺ സംവിധാനം നിർത്തലാക്കാനുള്ള നീക്കം പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു. കണ്ണൂർ കോർപ്പറേഷനിലെ സൈറൺ സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ നിർദേശത്തെ തുടർന്ന് പാലാ നഗരസഭയും സൈറൺ നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.
കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച WP(PIL) No.22 of 2026 ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായതെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. കണ്ണൂർ കോർപ്പറേഷൻ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരായിരുന്നു കേസിലെ എതിർകക്ഷികൾ. പാലാ നഗരസഭയോ സംസ്ഥാന സർക്കാരോ തദ്ദേശ സ്വയംഭരണ വകുപ്പോ കേസിൽ കക്ഷികളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ നഗരസഭകളിലെയും സൈറൺ സംവിധാനങ്ങൾ നിർത്തലാക്കണമെന്ന് ഹൈക്കോടതി പൊതുവായി നിർദേശിച്ചിട്ടില്ലെന്നതിനാൽ, കണ്ണൂർ കോർപ്പറേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഉത്തരവ് പാലാ നഗരസഭയിലും സ്വമേധയാ ബാധകമാണെന്ന് കരുതുന്നതിന് മുമ്പ് നിയമപരമായ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നഗരസഭ കൃത്യമായ നിയമോപദേശം തേടണമെന്നും അദ്ദേഹം പറഞ്ഞു.
സൈറൺ സംവിധാനം സമയം അറിയുന്നതിനുള്ള ഉപകരണം മാത്രമല്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ പൊതുസുരക്ഷാ സംവിധാനമായി ഉപയോഗിക്കാനാകുന്നതാണെന്നും എബി ജെ. ജോസ് വ്യക്തമാക്കി. കഴിഞ്ഞ മാസം പാലായിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് ജനങ്ങൾക്ക് അതിവേഗം ജാഗ്രതാ നിർദേശം നൽകാൻ സൈറൺ സഹായിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിദുരന്തങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ മൊബൈൽ ഫോൺ സന്ദേശങ്ങളെ മാത്രം ആശ്രയിക്കാതെ ഒരേസമയം വലിയൊരു ജനവിഭാഗത്തിലേക്ക് മുന്നറിയിപ്പ് എത്തിക്കാൻ സൈറൺ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധസാഹചര്യങ്ങളിലും വ്യോമാക്രമണ, ഡ്രോൺ ഭീഷണികളിലുമെല്ലാം വിവിധ രാജ്യങ്ങളിൽ ഇന്നും സൈറൺ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടിന്റെ അഭിമാനമായ വിശിഷ്ട വ്യക്തികളുടെ വിയോഗത്തിൽ അന്തിമോപചാരം അർപ്പിക്കാനും മരണവിവരം പൊതുജനങ്ങളെ അറിയിക്കാനും പാലായിൽ പതിറ്റാണ്ടുകളായി സൈറൺ ഉപയോഗിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദമലിനീകരണമാണ് പ്രധാന പ്രശ്നമെങ്കിൽ സൈറൺ പൂർണമായി നിർത്തുന്നതിന് പകരം ശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും എബി ജെ. ജോസ് അഭിപ്രായപ്പെട്ടു. നിലവിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം പ്രദേശത്തിന്റെ വിഭാഗമനുസരിച്ച് അനുവദനീയമായ ശബ്ദപരിധി പാലിക്കുന്നുണ്ടോ എന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായത്തോടെ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൈറണിന്റെ ശബ്ദനിലവാരം ശാസ്ത്രീയമായി പരിശോധിക്കുകയും ആവശ്യമായ സാങ്കേതിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മുഴങ്ങുന്ന സമയദൈർഘ്യം പരിമിതപ്പെടുത്തുകയും ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുയോഗങ്ങളിലും മറ്റ് പരിപാടികളിലും ശബ്ദപരിധി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നടപടി സ്വീകരിക്കാതെ, പൊതുസുരക്ഷയ്ക്കും നാടിന്റെ പാരമ്പര്യത്തിനും പ്രാധാന്യമുള്ള സൈറൺ സംവിധാനം പൂർണമായി ഇല്ലാതാക്കാനുള്ള നീക്കം നീതീകരിക്കാനാകില്ലെന്നും എബി ജെ. ജോസ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ യഥാർത്ഥ നിയമപരിധിയും ശബ്ദനിയന്ത്രണത്തിനുള്ള സാങ്കേതിക സാധ്യതകളും വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാവൂ. പൊതുസുരക്ഷയും ജനകീയ താൽപ്പര്യവും മുൻനിർത്തി ശാസ്ത്രീയമായ ശബ്ദക്രമീകരണങ്ങളോടെ പാലാ നഗരസഭയിലെ സൈറൺ സംവിധാനം നിലനിർത്താൻ ഭരണസമിതി തയ്യാറാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
Latest News
